2025 നവംബർ 22, ശനിയാഴ്‌ച

കെ ടെറ്റ് - അധ്യാപകരറിയാൻ


                                   കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ നടക്കുന്നത് ആഗസ്ത് 2012 ലും.മതിയായ ആളുകൾ പാസ്സായിട്ടുപോലുമുണ്ടായിരുന്നില്ല. കെ ടെറ്റ് പരീക്ഷ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആരംഭിച്ചത് 2012 ൽ ആണ് 

  കേരളാ പി എസ് സി നോട്ടിഫിക്കേഷനുകളിൽ കെ ടെറ്റ് യോഗ്യത ആവശ്യപ്പെട്ടിരിക്കുന്നത് 2016 ന് ശേഷവുമാണ്. കേരളാ ഗവണ്മെന്റ് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കണമെന്ന് പി എസ് സി ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് 30/08/2016 നാണ് (G.O.(P)No.145/16/G.Edn) ടി ഓർഡർ  ഉത്തരവ് പ്രകാരം .എന്നാൽ 11/11/2016 ൽ ഇറങ്ങിയ പി എസ് സി നോട്ടിഫിക്കേഷനിലും കെ ടെറ്റ് എന്ന യോഗ്യത ഗസറ്റ് നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനു ശേഷമാണ് ടി യോഗ്യത ഉൾപ്പെടുത്തിയിരിക്കുന്നത്.അതിന് കാരണം ഒരു പുതിയ സമ്പ്രദായം വരുമ്പോൾ അതായത് കെ ടെറ്റ് എന്ന ഒരു പുതിയ പരീക്ഷ വരുമ്പോൾ മതിയായ ആളുകൾ ടി പരീക്ഷ പാസ്സ് ആയി വരുന്നതുവരെ നിലവിലുള്ള ആളുകൾക്ക് exemption നൽകേണ്ടതുണ്ട്.

ഉദാഹരണത്തിന് DElEd എന്ന അധ്യാപകർക്കുള്ള ട്രെയിനിങ്  കോഴ്സ് വര്ഷങ്ങളായി കേരളത്തിൽ നടന്നുവരുന്നതാണ്. എന്നാൽ പബ്ലിക് സർവീസ് കമ്മീഷൻ അധ്യാപക തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനിൽ ടി കോഴ്സ് നിർബന്ധമാക്കിയത് No.59/2024/GEdn നമ്പർ സർക്കാർ ഉത്തരവ് നിലവിൽ വന്നതിന് ശേഷം 15/06/2024 ഗസറ്റ് തീയതിയായി പ്രസിദ്ധം ചെയ്തിട്ടുള്ള വിജ്ഞാപനങ്ങൾ മുതലാണ് ടി യോഗ്യത നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി ഉത്തരവ് വരുന്നതിനു മുൻപുള്ള അധ്യാപകരെ ടി യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കെ ടെറ്റ് ന്റെ കാര്യത്തിൽ നേരേ വിപരീതമാണ്. അതായത് 2012 ൽ ആരംഭിച്ച കെ ടെറ്റ് പരീക്ഷ ഇപ്പോഴും തുടരുന്നു. 2016 നു ശേഷമാണ് പി എസ് സി നോട്ടിഫിക്കേഷനിൽ കെ ടെറ്റ് ആവശ്യപ്പെടുന്നത്.

എന്നിരുന്നാലും NCTE മാനദണ്ഡങ്ങൾ പ്രകാരവും അതാത് സർക്കാർ ഉത്തരവുകളുടേയും അടിസ്ഥാനത്തിൽ 2012 നു ശേഷം സർവ്വീസിൽ കയറിയ അധ്യാപകർ അതായത് 2012 മുതൽ 2016 വരെയുള്ള നോട്ടിഫിക്കേഷൻ പ്രകാരം നിയമിതരായ എല്ലാ അധ്യാപകരും (കെ ടെറ്റ് യോഗ്യത ആവശ്യപ്പെടാതെയുള്ള ) കെ ടെറ്റ് യോഗ്യത നേടിയിരിക്കണം അല്ലാത്തപക്ഷം ഇൻക്രിമെന്റ് ,പ്രൊബേഷൻ എന്നിവ തടഞ്ഞുവെക്കുമെന്നുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2012 മുതൽ 2016 വരെയുള്ള നോട്ടിഫിക്കേഷൻ പ്രകാരം പി എസ് സി വഴി സർവ്വീസിൽ കയറിയ അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും കെ ടെറ്റ് യോഗ്യത നേടിയിട്ടില്ല എന്ന കാരണത്താൽ തടഞ്ഞുവെച്ചിരിക്കുകയാണ്. പത്തും പന്ത്രണ്ടും വര്ഷങ്ങളായി ടി അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യാനോ ഇൻക്രിമെന്റ് പാസ്സ് ആക്കാനോ സാധിച്ചിട്ടില്ല. ഇതിനു കാരണം ഈ വിഷയത്തിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ ഉത്തരവുകളാണ് .സെപ്തംബർ ഒന്ന് 2025 ൽ പുറത്തുവന്ന സുപ്രീം കോടതിയുടെ കെ ടെറ്റ് മായി ബന്ധപ്പെട്ട് വന്ന ഒരു വിധിയാണ് കൂടുതലായും ഈ വിഷയം സങ്കീർണ്ണമാവാൻ കാരണം. 


നവംബർ 7 (2024) ഇന്ത്യൻ ചീഫ് ജസ്റ്റിസ് D.Y ചന്ദ്രചൂടിന്റെ അഞ്ചംഗ  ബെഞ്ചിന്റെ RULES OF THE GAME എന്ന സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പുറത്തിറങ്ങി .അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ എല്ലാ പബ്ലിക് സർവീസ് കമ്മീഷനുകൾക്കും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതായത് നിയമനപ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ യോഗ്യതാമാനദണ്ഡങ്ങൾ മാറ്റാനാവില്ലെന്നും ഒരു പ്രസ്തുത നോട്ടിഫിക്കേഷൻ ഇറക്കി അപ്പോയ്ന്റ്മെന്റ് വരെയുള്ള പ്രോസസ്സ് കഴിയുന്നതിലൂടെ ആ നിയമനം അവസാനിച്ചുവെന്നും അതിനു ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടാൻ പാടുള്ളതല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സെപ്തംബര് ഒന്ന് 2025 ൽ സുപ്രീം കോടതി ഇറക്കിയ കെ ടെറ്റ് മായി ബന്ധപ്പെട്ട ഉത്തരവ് സുപ്രീം കോടതിയുടെ തന്നെ RULES OF THE GAME നു എതിരായിട്ടാണ് നിലവിൽ കാണാൻ കഴിയുന്നത്. മാത്രവുമല്ല ആർട്ടിക്കിൾ 14 നു എതിരുമാണ് ഭരണഘടനാലംഘനവുമാണ്.ഇതുമായി ബന്ധപ്പെട്ട് ധാരാളം റിവ്യൂ ഹർജികളും MA കളും റിട്ട് പെറ്റിഷനുകളും സുപ്രീം കോടതിയിൽ വരുകയും നവംബർ 19 (2025 ) ൽ ഹിയറിങ് കേൾക്കുകയും ചെയ്തു. ചില സങ്കീതിക കാരണങ്ങളാൽ ഇതുമായി ബന്ധപ്പെട്ട ഹിയറിങ്ങുകൾ ഡിസംബർ 12 , 2025 കോടതി പരിഗണിക്കുന്നതുമാണ്.

ഇവിടെ ഇത്തരത്തിലുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പരസ്പര വിരുദ്ധമായ വാർത്തകളാണ് സോഷ്യൽ മീഡിയ കളിൽ പ്രചരിക്കുന്നത്. പല കോച്ചിങ് സെന്റേഴ്സും സുപ്രീം കോടതിയുടെ തീരുമാനങ്ങൾ വരുന്നതിനുമുന്പായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും പരസ്പരവിരുദ്ധവുമായ ധാരാളം വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇത് കാരണത്താൽ ശരിയായ വാർത്തകളുടെ ഉറവിടം നഷ്ടപ്പെട്ടിരിക്കുന്നു.വർഷങ്ങളായുള്ള കൃത്യമായ പി എസ് സി നോട്ടിഫിക്കേഷനുകളുടേയും കൃത്യമായ യോഗ്യതകളുടേയും അടിസ്ഥാനത്തിലാണ് ഓരോ അധ്യാപകരും നിയമിക്കപ്പെട്ടിരിക്കുന്നത്. നിയമന നടപടികൾ അവസാനിച്ചതിനുശേഷം മറ്റ് യോഗ്യതകൾ ആവശ്യപ്പെടുന്നത് ഭരണഘടനയുടെ തൊഴിൽ സംരക്ഷണ നിയമത്തിനു എതിരാണെന്ന് ഇവിടെ വ്യക്തമാവുന്നു.ഇത്തരം വിശദമായ വിവരങ്ങൾ കോടതിയും ഗവൺമെന്റും ടി വിഷയത്തിൽ കൃത്യമായി വിശകലനം ചെയ്‌താൽ മാത്രമേ കോടതിക്ക് അനുകൂലമായ തീരുമാനങ്ങളിലും നിലപാടുകളിലും എത്തുന്നത് സാധ്യമാകൂ. ആയതിനാൽ നിലവിൽ സർവ്വീസിൽ ജോലി ചെയ്യുന്ന അധ്യാപകരെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കെ ടെറ്റ് ഒഴിവാക്കേണ്ടത് അനിവാര്യമാണ് . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ