കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 മേയ് 15, ഞായറാഴ്‌ച

പുഞ്ചിരി


സ്കൂളിന്റെ മുന്നിലെ ബദാം മരം നിറയേ ബദാം കായകൾ പിടിച്ചുനിൽക്കുന്നു. എല്ലാവരും അതിന് കല്ലെറിയും സ്കൂളിന്റെ ഓഫീസിന് മുന്നിലായിരുന്നതിനാൽ അധ്യാപകർ ആരെങ്കിലും കണ്ടാൽ പ്രശ്നമാണ്. ഒളിഞ്ഞും മറഞ്ഞും ഞാനും എറിയാറുണ്ട്. ഒരു പഴയ ഓടിട്ട കെട്ടിടമാണ് സ്കൂൾ. പ്രൈമറി മുതൽ ഹയർ സെക്കന്ററി തലംവരെയുള്ളതിനാൽ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് അതിൽ ഒരാളായിരുന്നു ഞാൻ. എട്ടാം ക്ലാസ്സ്‌ ആയതിനാലാവാം അൽപ്പം മുതിർന്നു എന്ന തോന്നൽ ഇടയ്ക്കിടക്ക് അനുഭവപ്പെടുന്നത്. ശരത്തും സജിനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പഠിക്കാത്തവർ എന്ന പേര് നൽകി ഞങ്ങളെ പുറകിലത്തെ ബെഞ്ചിലേക്ക് ആനയിച്ചുകൊണ്ടിരുത്തിയിട്ടുണ്ട്.

         "അടുത്തത് ആരാ " സജിൻ ചോദിച്ചു
"അടുത്തത് ഹിന്ദിയാണ് "
"ഹിന്ദിയോ "
"നീ ഹോം വർക്ക്‌ ചെയ്തോ?"
ഞാൻ അവനോട് ചോദിച്ചു.
"ഇല്ല, ചെറിയ പുഴുതിന്നുതുടങ്ങിയ പല്ല് കാട്ടിക്കൊണ്ട് ഒന്നിളിച്ചു.
"മിടുക്കൻ"
"നീ എഴുതിയോ"
"ആ ഞാൻ എഴുതി " ചെറിയ ഒരു ഗർവ്വോടെ ഞാൻ ബുക്ക്‌ എടുത്ത് നിവർത്തി.
ശരത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. ഞങ്ങൾ ബാക്ക് ബെഞ്ചേഴ്സിലെ ടോപ് ഞാനാണ്. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാലും തിരിച്ചുപറയാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവും. ഏറ്റവും മുൻ നിരയിലെ ബെഞ്ചിൽ പഠിപ്പിസ്റ്റുകൾ നിരന്നിരിക്കും അതിൽ ഒരാളാണ് സോമു. ടീച്ചേഴ്സിന്റെ ഇഷ്ട്ട പുത്രൻ. അല്പംനേരത്തേക്കെങ്കിലും സോമു ആയിരുന്നെങ്കിൽ എന്ന് പലതവണ ആശിച്ചുപോകാറുണ്ട്.

"ഗുഡ്മോർണിംഗ് " എല്ലാവരും ഞെട്ടലോടെ എഴുന്നേറ്റു. "ഗുഡ്മോർണിംഗ് ടീച്ചർ " ടീച്ചറിന്റെ വടിയും പുസ്തകങ്ങളും ചോക്കും മേശപ്പുറത്ത് വച്ചു. കസേരയിൽ ഇരുന്നു. അനഘ ടീച്ചറുടെ മുഖം ഗൗരവത്തിലാണ്. എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി.
"എല്ലാവരും ഹോം വർക്ക്‌ ചെയ്തോ?"
"ഉച്ചത്തിൽ ചോദിച്ചു "
"ശരി..... എഴുതാത്തവർ എഴുന്നേൽക്കു."

എന്റെയടുത്തിരുന്ന എല്ലാവരും ചാടിയെഴുന്നേറ്റു. മുൻനിരയിലെ ബെഞ്ചുകാർ ആരും തന്നെ എഴുന്നേറ്റിട്ടില്ല. പെൺകുട്ടികൾ എല്ലാവരും ഭയങ്കര പഠിത്തക്കാരാണ്. അനഘ ടീച്ചർ പുറകിലെ ബെഞ്ചിനടുത്തേക്ക് പതുക്കെ നടന്നു വന്നു കയ്യിൽ വടിയും ഉണ്ടായിരുന്നു.ചന്ദ്രനിൽ നിന്നും വന്നിറങ്ങിയ ജീവികളെ കാണുന്നതുപോലെ ഞങ്ങളെയൊന്നു നോക്കി. വീണ്ടും ടീച്ചർ മുൻ നിരയിലെ ബെഞ്ചിലേക്ക് പോയി. ഓരോരുത്തരുടെയും ഹോംവർക്കുകൾ നോക്കി. "മിടുക്കൻ"
"എല്ലാവരും ഇവരെ കണ്ട് പഠിക്കണം. ടീച്ചർ പുച്ഛത്തോടെ ഞങ്ങളെ നോക്കി..
"അല്ല നീ എന്തിനാ ഇരിക്കുന്നത് നീ ഹോം വർക്ക്‌ ചെയ്തോ ഒരു പുച്ഛഭാവത്തോടെ ടീച്ചർ എന്റെ അരികിലേക്ക് വന്നു.
"ഞാൻ പതുക്കെ എഴുന്നേറ്റു "
"ബുക്ക്‌ കാണിക്ക് "
ഞാൻ എഴുതിയ ഹോംവർക്ക് ടീച്ചർ നോക്കി. എന്നെയും നോക്കി.
"ഇങ്ങനാണോടാ ഹോംവർക്ക് എഴുതുന്നത് "
"പൊയ്ക്കോണം"
എന്റെ ബുക്ക്‌ ടീച്ചർ ദൂരേക്ക് വലിച്ചെറിഞ്ഞു "
എന്റെ ചുറ്റുപാടും എന്നെ നോക്കി ഉറക്കെ ചിരിച്ചു. കണ്ണുകൾ ചുവന്നു, ഹൃദയമിടിച്ചു. "ഞാൻ ആരുടെയും സഹായമില്ലാതെ സ്വന്തമായി ചെയ്ത ഹോംവർക്ക് " ഉള്ളിൽ ചിന്തിച്ചു. ഞാൻ പതുക്കെ എന്റെ ബുക്കിന്റെ അടുത്തേക്ക് നടന്നു. ബുക്ക്‌ കൈകളിൽ എടുത്തു അതിന്റെ വശങ്ങൾ കീറിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകളിലേക്ക് ഞാൻ നോക്കി. എന്നെക്കണ്ട് അവർ ചിരി തുടർന്നു. ഞാനും അവരെനോക്കി ചെറിയൊരു പുഞ്ചിരി തൂകി.
"ദാ കണ്ടോ ഇങ്ങനെവേണം ഹോംവർക്ക് ചെയ്യാൻ " ടീച്ചർ സോമുവിന്റ ബുക്ക്‌ ഉയർത്തിക്കാട്ടി. എല്ലാവരും കൈകൾ അടിച്ചു ഒപ്പം ഞാനും.
പകുതി കീറിയ ബുക്കിന്റെ താളുകൾ ഞാൻ ബാഗിൽ വച്ചു. ബെല്ലടിച്ചിരുന്നു..... ഞാൻ പതുക്കെ നടന്ന് ബാത്‌റൂമിലേക്ക് പോയി. എന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് കയ്യിലെടുത്തു രണ്ടുകണ്ണുകളിലേക്കും പൊത്തിപ്പിടിച്ചു. കർച്ചീഫ് മുഴുവനും വെള്ളംകൊണ്ട് നനഞ്ഞു.
"എടാ "
പിന്നിൽ നിന്ന് ശരത്തിന്റെ വിളി. ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നു.
"പോട്ടെ ഡാ "
ശരത്തിന്റെ കൈകൾ എന്റെ ചുമലിൽ തൊട്ടു. ഞാൻ അവനെനോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു. ഞങ്ങൾ കൈകൾ പിടിച്ച് ക്ലാസ്സിലേക്ക് നടന്നു. സുഗന്ധമുള്ള ഒരു തണുത്തകാറ്റ് സ്കൂളിന്റെ മുറ്റത്ത്‌ നിൽക്കുന്ന കണിക്കൊന്ന പൂക്കളെ തലോടികൊണ്ട് കടന്നു പോയി...................

സ്കൂളിന്റെ അകത്തളങ്ങൾ മനോഹരമാക്കിയിരിക്കുന്നു. മൈക്കിലൂടെ ആരോ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നു. തോരണങ്ങളും ബലൂണുകളും കാറ്റിൽ പറന്നുയർന്നു.
"ഈ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ഭാഷാ അധ്യാപകനുള്ള അവാർഡ് ശ്രീ ധനേഷ് സാറിനാണ് അവാർഡ് സ്വീകരിക്കാനായി അദ്ദേഹത്തെ സ്നേഹത്തോടെ ഈ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു."
"സാർ "
എന്റെ തോളിലേക്ക് ആരോ വന്നു തൊട്ടു. ഞാൻ പതിയെ ഒന്നു ഞെട്ടി. പതുക്കെ എഴുന്നേറ്റു. എങ്ങും കരഘോഷം കൊണ്ട് നിറഞ്ഞു. പുഞ്ചിരിക്കുന്ന മുഖവുമായി മന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചു.
അവാർഡ് വേദിയിൽ നിന്നും കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുന്ന എന്റെ എട്ടാം ക്ലാസ്സിന്റെ മുറ്റത്തേക്ക് ഞാൻ നോക്കി. പുഞ്ചിരിക്കുന്ന മുഖവുമായി ഒരു എട്ടാം ക്ലാസുകാരൻ പയ്യൻ അവിടെ നിൽപ്പുണ്ടായിരുന്നു. അവൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ഒരു പുഞ്ചിരി.

2022 മേയ് 10, ചൊവ്വാഴ്ച

ജീവിതം ഒരു നാടകശാല

 ഇന്ന് അയാൾ ഒരു മധ്യവയസ്ക്കൻ ആയിരിക്കുന്നു.
ആർക്കും വേണ്ടാത്ത ഉപയോഗശൂന്യമായ കളിപ്പാട്ടം പോലെ.  ഒറ്റപ്പെടലിൽ നിന്നും ഒറ്റപ്പെടലിലേക്കു നീങ്ങിയപ്പോഴും മനസ്സിന്റെ താളം മനസ്സിലാക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവനെപ്പോലെ ജീവിക്കേണ്ടിവരുന്നവന്റെ അവസ്ഥയെക്കുറിച്ചു ആർക്കും പറയാൻ സാധിക്കുകയില്ല...........
        ഒന്നിലും അടിയുറച്ചു നിൽക്കുവാൻ സാധിക്കുകയില്ല... ഇന്ന് സുഖമാണെങ്കിൽ നാളെ ദുഃഖം.  രണ്ടിനെയും പല സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടിക്കൊണ്ടേയിരിക്കുന്നു.  ഒരേ അവസ്ഥയിൽ തന്നെ നിലകൊള്ളുവാൻ ആർക്കും സാധിക്കുകയില്ല.

ഇന്ന് അയാളെ ഭൂതകാലം എന്ന ചിന്തയാണ് വേട്ടയാടിക്കൊണ്ടിരിക്കുന്നതു.  ഭൂതകാലം എന്ന ഭൂതം വർത്തമാനകാലത്തെ കൈകാര്യം ചെയ്യുന്നു. അയാൾക്ക്‌ മാത്രമല്ല എല്ലാവർക്കും.,എനിക്കും ഇത് ബാധകമാണ്.  ചെയ്യുന്ന തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കുക.  അതിനെയോർത്തു വിഷമിക്കുകയല്ല ചെയേണ്ടത്........
 
   ആരായിരുന്നു അയാൾ....?
പ്രലോഭനങ്ങളിൽ മുഴുകി എന്തൊക്കെയോ ആകുവാൻ ശ്രമിച്ചു. എന്നാൽ അതിനും അയാൾക്ക് കഴിഞ്ഞിരുന്നില്ല.  ഒരു സാധാരണക്കാരനെപ്പോലെ എന്തൊക്കെയോ നേടി......
എന്ത് നേടിയിട്ട് എന്ത് കാര്യം?

കുറ്റങ്ങൾ മാത്രം കണ്ടെത്താനും ക്രൂശിക്കുവാനും കഴിവുള്ള ചുറ്റുവട്ടങ്ങൾ..  അതിന്റെ ആകെത്തുകയാണ് അയാൾ........

അയാൾക്കും ഒരു മനസ്സുണ്ടായിരുന്നു ആഗ്രഹങ്ങളും, ഉണ്ടായിരുന്നു. ആരുടെയൊക്കെയോ ആഗ്രഹപ്രകാരം എന്തൊക്കെയോ ആകുവാൻ വേണ്ടി ജീവിക്കുന്നു. ഇങ്ങനെ ജീവിക്കുന്നതിന്റെ ഉദ്ദേശം നന്മയാണെന്നു മറ്റുള്ളവർ പറയുകയും ചെയ്യുന്നു..

എന്താണ് അത്?
 
ഏതാണ് ശെരി?.........
ഏതാണ് തെറ്റ്?....... ...

പൂർണ്ണമായും ശെരിയായിട്ട് ആരാണ് ഇവിടെ ഉള്ളത്?.....,
പൂർണ്ണമായും തെറ്റായിട്ട് ആരാണ് ഉള്ളത്?

പറഞ്ഞു തരൂ?

  എനിക്കറിയില്ല..........
ആർക്കും അറിയില്ല.........

നന്മകൾ മാത്രം ചെയ്യണമെങ്കിൽ പൂർണമായും ആത്മീയ വിശ്വസിയായി ജീവിക്കണം..  ഇല്ലെങ്കിൽ തിന്മകളിൽ മാത്രം ജീവിക്കണം.

ഒരു കാര്യം ഉറപ്പിക്കാം "ഷേക്സ്പിയർ " പറഞ്ഞത് സത്യമാണ്.  ജീവിതം ഒരു നാടകശാലയാണ്.
നമ്മൾ അതിലെ അഭിനേതാക്കളും......
നമുക്ക് ചെയ്യുവാൻ നമ്മുടേതായ റോളുകൾ ഉണ്ട് അത് ഭംഗിയായി ചെയ്യുവാൻ കഴിവുള്ളവൻ ആണ് യഥാർത്ഥ നായകൻ..  എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക... എല്ലാവരും നായകന്മാർ ആകുന്നില്ല...
എല്ലാവർക്കും അവരുടേതായ റോളുകൾ ഉണ്ട്. എല്ലാവരും നായകന്മാർ ആയി അഭിനയിച്ചാൽ നാടകം എങ്ങനെയുണ്ടാവും?


അതുകൊണ്ട് ജീവിതത്തിൽ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിക്കോട്ടെണ്ടിരിക്കും. ഒരു നഗ്ന സത്യമാണ്... ഇതിനെ രണ്ടിനെയും നേരിടാനാണ് ലോകം എന്ന ഈ നാടകശാലയിലേക്കു എല്ലാവരും എത്തിയിരിക്കുന്നത്.  ഒരു കാര്യം ശ്രദ്ധിക്കുക.....
ആരും നല്ലവരും അല്ല ആരും ചീത്തയുമല്ല.


ഇന്നത്തെ ദിവസം സുഖമായിരുന്നു എന്നിരിക്കട്ടെ. ഇന്നത്തെ പോലെത്തന്നെ നാളെയും ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചാൽ ദുഃഖം തുടങ്ങുകയായി.......
"ഇന്നത്തെ പോലെയല്ല നാളെ.. നാളത്തെപ്പോലെയല്ല മറ്റന്നാൾ "

ഇന്നത്തെ കൂട്ടുകാരായിരിക്കും നാളത്തെ ശത്രു..
ഇന്നത്തെ ബന്ധങ്ങൾ ആയിരിക്കില്ല നാളത്തെ ബന്ധങ്ങൾ....  അത് മാറിക്കൊണ്ടേയിരിക്കും.
ഇത് എന്ന് മനസ്സിലാക്കുന്നുവോ...  അംഗീകരിക്കുന്നുവോ....  അന്ന് തീരും പ്രശ്നങ്ങൾ.


ഞാൻ ഇത് അയാൾക്ക് വേണ്ടിയാണ് എഴുതിയത്. ഞാൻ പറയില്ല അയാൾ ആരാണെന്ന്...
  

അസ്തമയം

 






കടൽകാറ്റ് വീശിത്തുടങ്ങി . കടൽകാക്കകൾ ദൂരേയ്ക്ക് പാറുന്നുണ്ട് .

ഈ സായാഹ്നം രാജേഷിന് അപരിചിതമല്ല ...

മൊബൈൽ റിംഗ് ചെയ്തു .


" ഹാലോ ഞാൻ പറയുന്നത് കേൾക്കു ... നീ എന്തിനുള്ള പുറപ്പാടാ ... ഹാലോ നീ
എന്തെങ്കിലും ഒന്ന് പറയൂ...."


അവന് സംസാരിക്കാൻ കഴിഞ്ഞില്ല .....       


"ശരി നീ അവിടെ നിൽക്ക് ഞാനിപ്പോൾ വരാം "

അവൻ ഫോൺ കട്ട് ചെയ്തു .....


തിരമാലകൾക്ക് ശക്തി കൂടുന്നതുപോലെ തോന്നി .

എന്നാൽ തിരമാലയുടെ അലയടി ശബ്ദം മനസ്സിലായിരുന്നു.

അരുൺ പതുക്കെ നടന്ന് അവന്റെ അരികിലെത്തി .


"രാജേഷ് നീ പോയ കാര്യം എന്തായി ?

രാജേഷിന്റെ ഒപ്പം അവൻ ഇരുന്നു.


തറയിൽ കിടന്ന പൂഴിമണൽ അൽപ്പം വാരി ദൂരെക്കെറിഞ്ഞു.


"എന്ത് പറയാൻ ഇതൊന്നും എനിക്ക് വിധിച്ചിട്ടില്ല കൂട്ടുകാരാ .
എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞു..

"പോട്ടെ എല്ലാം പോട്ടെ"

കണ്ണിലെ കണ്ണുനീർ സൂര്യപ്രകാശത്താൽ വറ്റിയിരിക്കുന്നു...


"അപ്പോൾ നിന്റെ അച്ഛന്റെ ആഗ്രഹം ?"

ഹും .... ആഗ്രഹം ......................................

രാജേഷ് അട്ടഹസിച്ചു ഒരു ഭ്രാന്തനെപ്പോലെ.


"എനിക്കറിയില്ല "

തറയിലിരുന്ന ബാഗ് കയ്യിലെടുത്തു. അത് തുറന്ന് കുറച്ചു സർട്ടിഫിക്കറ്റുകൾ
അലക്ഷ്യമായി മറിച്ചുനോക്കി.

ദേഷ്യംകൊണ്ട് അത് വലിച്ചുകീറി.


"നീ എന്ത് ഭ്രാന്താ ഈ കാണിക്കുന്നത് ?"

അരുണിന് അവനെ തടയാൻ സാധിച്ചില്ല.


"ഹാ ഹാ ആഗ്രഹം..........................."

ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു ...


വലിച്ചുകീറിയ പേപ്പറുകൾ കാറ്റിൽ പറന്നുയർന്നു......

ഒരുകൂട്ടം കാക്കകൾ അതിനുചുറ്റുംകൂടി..

"പ്രതീക്ഷകൾ, ആഗ്രഹങ്ങൾ എല്ലാം ഇതാ .........


പരസ്‌പ്പരം ഒന്നും സംസാരിക്കാൻ കഴിയാതെ വിശാലമായ മണൽപ്പരപ്പിൽ അവർ ഇരുന്നു ....

ഇനി എന്ത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട് ..

അങ്ങകലെ ഒരു കൂറ്റൻ കപ്പൽ നങ്കുരമിട്ടു.


"എനിക്കിന്ന് അസ്തമയം കാണാം ......"

"മനോഹരമായ അസ്തമയം ........"

മഹാഗണി

 


തിരുവനന്തപുരത്തേക്കുളള കെ.എസ്.ആർ.ടി.സി ബസ് നിലമേലിൽ വന്നുനിന്നു. അവിടെ നിന്നും യാത്ര തുടർന്നു. ഒരു മെയിൻ റോഡിലൂടെ യാത്ര തിരിച്ച് ഒരു ചെറിയ ഇടവഴിയിലേക്ക് വന്നെത്തപ്പെട്ടു. അവിടെ നിന്നും ഞങ്ങൾ പതുക്കെ നടന്നു. ആകാശത്ത് മേഘക്കീറുകൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. കുന്നുപോലെ ചരിഞ്ഞ പ്രദേശം. ദൂരെനിന്നും ഞങ്ങൾ നോക്കി. ഇടവഴിയുടെ അരുകിൽ ഇല്ഞ്ഞു നിൽക്കുന്ന ഒരു മഹാഗണി വൃക്ഷം.ഏതോ കാലത്തിലെ ഓർമ്മകൾ പറയാൻ വിതുമ്പുന്ന വൃദ്ധനേപോലെ എനിക്ക് തോന്നി......... എന്നെ നോക്കി അത് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. തലമുറകൾ കണ്ടുവന്ന ഒരു വൃദ്ധനേപോലെ. അതിന്റെ വേരുകൾ അടുത്തിരിക്കുവാൻ ഞങ്ങളെ വിളിക്കുന്നു..... ഞങ്ങൾ വാർദ്ധക്യംകൊണ്ട് ചുളുങ്ങിയ ആ വേരിന്മേൽ ഇരുന്നു. സുഗന്ധമുള്ള ഒരു മന്ദമാരുതൻ ഞങ്ങളെ തഴുകിക്കൊണ്ട് കടന്നുപോയി. ഞങ്ങൾ അവിടെ നിന്നും അകലേക്ക് നോക്കി. കുന്നിൻചെരുവുകളിൽ തുക്കണാം കുരുവികൾ ദൂരേക്ക് പാറുന്നുണ്ടായിരുന്നു. തെളിഞ്ഞുനിന്ന ആകാശം പെട്ടെന്ന് കാർമേഘങ്ങൾകൊണ്ട് മൂടി. അങ്ങകലെ കുന്നിൻചരുവുകളിൽനിന്നും മഴയുടെ ഇരമ്പൽ കേൾക്കാം. ഞങ്ങൾ മരത്തോട് ചേർന്നുനിന്നു. ഞങ്ങളെ വൃക്ഷം ചേർത്ത്പിടിക്കുന്നുണ്ടായിരുന്നു. അതിന്റെ ചുളുങ്ങിയ ശരീരത്തിൽ നിന്നും വെള്ളത്തിന്റെ സ്പർശം ഞാനറിഞ്ഞു. വാർദ്ധക്യത്തിലെത്തിയ വൃദ്ധന്റെ കണ്ണുനീരാണെന്ന് തിരിച്ചറിയുവാൻ എനിക്ക് കഴിഞ്ഞു.............

വസന്തകാലപൂക്കൾ

 



'ഒരു തണുത്ത പ്രഭാതം. ഇളംകാറ്റ് വീശുന്ന തണൽമരങ്ങൾ ഉള്ള ചെറിയ നടപ്പാതയിലൂടെ ഞാൻ നടന്നുനീങ്ങി. എന്റെമനസ്സിൽ മുത്തശ്ശിപറയാറുള്ള വസന്തവും ശിശിരവും ഗ്രീഷ്മവും ഒരു ചെറിയ കഥപോലെ അനുഭവപ്പെട്ടു. നടന്നു നടന്നു ഒരു തടാകത്തിന്റെ താഴ്‌വരയിൽ എത്തി തടാകത്തിലൂടെ തെന്നിനീങ്ങുന്ന അരയന്നങ്ങളും വിടർന്നു നില്ക്കുന്ന താമരപൂക്കളും എത്ര മനോഹരമാണ്. കൊഴിഞ്ഞുവീഴുന്ന ഇലകളിൽതൊട്ടു ഞാൻ നടന്നു. പച്ചവിരിച്ചുകിടക്കുന്ന മലമുകളിലേക്ക് കയറി. മഞ്ഞുതുള്ളികൾ പുൽത്തകിടികളെ തഴുകി. പെട്ടന്നാണ് ആ കാഴ്ച്ച എന്റെ കണ്ണിൽപ്പെട്ടത്‌ ഉദിച്ചുയരുന്നസൂര്യന്റെ പ്രഭാതകിരണങ്ങളേറ്റു വിടരുന്ന പൂക്കളും അതിലെ തേൻനുകരുന്ന ശലഭവും. അൽപ്പനേരം അതിമനോഹരമായ കാഴ്ച്ചകണ്ടുഞാൻ നിന്നുപോയി. മനസ്സിൽ ഞാൻ കുറിച്ചിട്ടു. ജീവിതത്തിൽ ഈശ്വരൻ നമുക്കുതന്ന വരദാനമാണ് കാഴ്ച്ച.

മനസ് അവിടെ നിന്നും ആഴത്തിൽ ചിന്തിക്കുവാൻ തുടങ്ങി എന്നിലേക്ക് പ്രകൃതിരമണീയമായ കവിതകൾ ഓടിയെത്തി. പെട്ടന്ന് എന്റെ മൊബൈൽഫോണ്‍ റിംഗ് ചെയ്യാൻ തുടങ്ങി. ഞാൻ ഫോണ്‍ എടുത്തുനോക്കിയപ്പോൾ കൂട്ടുകാരൻ പ്രമോദാണ്. അവൻ പറഞ്ഞു; നീ ഉടൻതന്നെ കോളേജിൽ എത്തണം എനിക്കൊരു അത്യാവശ്യകാര്യം പറയാനുണ്ട്. ഞാൻ ചോദിച്ചു എന്താണ് കാര്യം? കോളേജിൽ വന്നിട്ട് പറയാം എന്ന് അവൻ പറഞ്ഞു. ഞാൻ കോളേജിൽ ചെന്നു. അവൻ എന്നെ ലൈബ്രറിയിലെ ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി ഇരുത്തി. ഉടൻ തന്നെ ബാഗിൽ ഉണ്ടായിരുന്ന ഒരു വലിയ പേപ്പർകെട്ട് എടുത്തു. എന്നിട്ട് പറഞ്ഞു ഇത് എന്റെ അഗാഥമായ പ്രയത്നംകൊണ്ടും അനുഭവങ്ങൾകൊണ്ടും എഴുതിയ തിരക്കഥയാണ്. ആദ്യം ഞാനൊന്ന് ചിരിച്ചെങ്കിലും അത് വായിച്ചപ്പോൾ മനസ് അതിൽ ലയിച്ചുപോയി. വായനയിൽ മുഴുകിയ ഞാൻ മൂന്നുമണിക്കൂർ കടന്നുപോയത് അറിഞ്ഞതേയിലല. തിരക്കഥ വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു .ഞാൻ കണ്ട പ്രകൃതിരമണീയമായ കാഴ്ച്ചകളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. വായിച്ചു തീർന്നതും പ്രമോദ് പറഞ്ഞു ഇതിലെ അഭിനേതാവായി നിന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ആഴ്ച്ച ഷൂട്ടിംഗ് തുടങ്ങാം.
ആ നിമിഷത്തിൽ ഞാൻ ഞെട്ടിയുണർന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത്‌. സന്തോഷവും ആകാംഷയും നിറഞ്ഞ ഒരു സ്വപ്നമാണെന്ന്. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണ് ഇത്തരം ഒരു സ്വപ്നം കാണാൻ ഇടയായത്. അതിന്റെ ഉത്തരം എനിക്ക് കിട്ടി. എന്റെ ആദ്ധ്യാപകൻ എനിക്ക് പറഞ്ഞുതന്ന വസന്തകാലപൂക്കൾ എന്ന ആദ്ധ്യായത്തിലെ ഓർമ്മകളാണ് ആ മനോഹരമാർന്ന സ്വപ്നലോകത്തേക്ക് എന്നെ നയിച്ചത്.



(അന്ന് എനിക്ക് മനസ്സിലായി മനോഹരമാർന്ന പുസ്തകങ്ങൾക്ക് മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ കഴിയുമെന്ന്)

തണൽ