2022 മേയ് 10, ചൊവ്വാഴ്ച

തണൽ

 




മാളൂട്ടി............ മാളൂട്ടി ................................


എഴുന്നേൽക്ക്..............................

മോൾക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ ....

ഇന്നല്ലേ സ്കൂൾ തുറക്കുന്നത് .


കണ്ണുകൾ തുറന്നു ആദ്യം കാണുന്നത് അച്ഛനെയാണ്.

ദേ നോക്കിക്കേ പുതിയ ബാഗ് ,കുട ,നോട്ടുബുക് ,പെൻസിൽ ..


"മാളൂട്ടി കണ്ണുകൾ തിരുമ്മി "

ഇതെന്തിനാ അച്ഛാ ?

ഇതൊക്കെ മോള്ക്കാ . നമുക്ക് സ്കൂളിൽ പോയി പഠിക്കണ്ടേ കളിക്കണ്ടേ...

മോൾക്ക് പുതിയ കൂട്ടുകാരെയൊക്കെ കാണണ്ടേ ....


വാ നമുക്ക് കുളിച്ചു റെഡിയാവാം ...

ദേ .. അച്ഛനും മോളുംകൂടി കളിച്ചുകൊണ്ടുനിൽകാതെ വേഗംപോയി റെഡിയായിക്കെ .

"അടുക്കളയിൽനിന്നും 'അമ്മ വിളിച്ചു പറഞ്ഞു ."


മഴ തകർത്തു പെയ്തു ....

"ഇതെന്തൊരുമഴയാണ് ഉമ്മറത്തിരുന്ന അമ്മുമ്മ അപ്പുപ്പനോട് പറഞ്ഞു .......


പുതിയ ബാഗും പുതിയ ഉടുപ്പും ഇട്ടുകൊണ്ട് സന്തോഷത്തോടെ മാളൂട്ടി വന്നു.

മഴ തകർത്തു പെയ്തുകൊണ്ടേയിരുന്നു ..


കുടയും പിടിച്ചുകൊണ്ടു മാളൂട്ടി മഴയത്തു ചാടി ഇറങ്ങി ..

മഴത്തുള്ളികൾ തുള്ളികളായി കുടയുടെമുകളിൽ തട്ടിത്തെറിച്ചു .

ചെളിവെള്ളത്തിൽചവിട്ടി നൃത്തം തുടങ്ങി .


ഹായ് ..................

മഴവെള്ളം അവളുടെ പുതിയ കുപ്പായത്തിൽ തെറിച്ചു .


മാളൂട്ടി .. എന്താ മോളെ ഈ കാട്ടണേ ?


മഴയത്തുനിന്നു 'അമ്മ അവളെ പിടിച്ചുകയറ്റി ..


അച്ഛന്റെ കൈയും പിടിച്ചു മാളൂട്ടി നടന്നു. മഴ പെയ്യുന്ന ഇടവഴിയിലൂടെ.

ചേമ്പിലകളിൽ വീണ് തെറിക്കുന്ന വെള്ളിനിറത്തിലുള്ള ജലകണികകൾ മാളുട്ടിയിൽ
അത്ഭുതം ജനിപ്പിച്ചു .

നാട്ടിലെ മനോഹരമായ ദേവീക്ഷേത്രത്തിന്റെ കുളത്തിനരികിലായിരുന്നു സ്കൂൾ.

ഓടുമേഞ്ഞ കെട്ടിടം .സ്കൂളിനോട് ചേർന്ന് ഒരു ആൽമരം. മരത്തിന്റെ ശിഖരങ്ങൾ
ഓടിന്റെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്നു .


സ്കൂളിന് മുൻപിൽ ധാരാളം പുതിയ കൂട്ടുകാർ നിൽപ്പുണ്ടായിരുന്നു ..


മാളൂട്ടി കരയാൻ തുടങ്ങി ..

"എന്താ മാളൂട്ടി എന്തിനാ കരയുന്നത് അച്ഛനില്ലേ കു‌ടെ ."

മാളൂട്ടിയെ അച്ഛൻ ചേർത്തുപിടിച്ചു .

അന്ന് ആദ്യമായി അച്ഛന്റെ കൈയുംപിടിച്ചു മാളൂട്ടി സ്കൂളിന്റെ കൽപ്പടവുകൾ കയറി ....


വസന്തവും ശിശിരവും ഗ്രീഷ്‌മവും കടന്നുപോയി ഒപ്പം വർഷങ്ങളും.

രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു മീറ്റിംഗ്
ആയിരുന്നു അത്.

പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിയ കുട്ടികളുടെ മാർക്ക് പ്രസിദ്ധീകരിക്കുകയാണ് ..

സ്കൂളിന്റെ ഹെഡ് മാസ്റ്റർ കട്ടിമീശവെച്ച തോമസ് മാഷ് ഓരോരുത്തരെയും
വേദിയിലേക്ക് വിളിച്ചുവരുത്തി .


ചർച്ച തുടർന്നു .

കുറ്റങ്ങളും കുറവുകളും പറഞ്ഞുകൊണ്ട് അധ്യാപകർ രംഗത്തുവന്നുകൊണ്ടേയിരുന്നു ...

ഓരോ പേരുകൾ വിളിക്കുംതോറും എല്ലാവരുടെയും നെഞ്ചിടിപ്പ് വര്ധിച്ചുകൊണ്ടിരുന്നു .


അടുത്ത പേര് വിളിച്ചു .

"അഭികുമാർ "

അഭിയുടെ പേപ്പറുകൾ ഓരോന്നായി അവന്റെ അച്ഛന്റെ കൈയിൽ കൊടുത്തു ..

വെരിഗുഡ് നല്ലമാർക്കുണ്ട് .

നന്നായിട്ടു പഠിക്കണം .

തോമസ്‌മാഷ് നിർദ്ദേശങ്ങൾ നൽകി ..


"മാളവിക ....................................."

തോമസ് മാഷ് ഉറക്കെ വിളിച്ചു ..

ചെറിയ നെഞ്ചിടിപ്പോടെ അവൾ എല്ലാവരുടെയും മുന്നിൽവന്നുനിന്നു .

എവിടെ ഈ കുട്ടിയുടെ അച്ഛൻ ?

മാളുവിന്റെ അച്ഛൻ എഴുന്നേറ്റു .

തോമസ് മാഷ് പേപ്പറുകൾ അച്ഛന്റെ കൈയിൽ കൊടുത്തു .


"ദാ രണ്ടുവിഷയത്തിനെ ജയിച്ചിട്ടുള്ളു ബാക്കി എല്ലാവിഷയങ്ങൾക്കും തോറ്റു .

തോമസ് മാഷിന്റെ തമാശകേട്ട് ചുറ്റും കൂടിയവർ ആർത്തു ചിരിച്ചു .

ഇങ്ങനെ ഒരു കുട്ടി പരീക്ഷ എഴുതാത്തതാണ് നല്ലത് സ്കൂളിന്റെ പേര് കളയാൻ .

ചുറ്റുമിരുന്നു ആളുകൾ പരിഹാസത്താൽ അവളെത്തന്നെ നോക്കി . മാളൂട്ടിയുടെ
കണ്ണിൽനിന്ന് കണ്ണുനീർ പൊടിഞ്ഞുകൊണ്ടിരുന്നു.

അച്ഛൻ അവളെ ചേർത്ത് പിടിച്ചു .

"നമുക്ക് പോകാം" ..

ഒരു കാർമേഘം അവളുടെ മുഖത്ത് നിറഞ്ഞുനിന്നു .

അച്ഛനൊപ്പം മാളൂട്ടി വീടിന്റെ ഉമ്മറത്ത് എത്തി .

എന്താ നിന്റെ മുഖം വാടിയിരിക്കുന്നതു ?

'അമ്മ ചോദിച്ചു ..

അവൾ ക്ലാസ് കഴിഞ്ഞു ക്ഷീണിച്ചുവന്നതല്ലേ.

മോൾ പോയി കുളിച്ചിട്ടു നാമം ജപിച്ചോളൂ .

മാളൂട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല .നെഞ്ച് പിടയുവാൻ തുടങ്ങി .

മാളൂട്ടി .........

അമ്മുമ്മ വിളിച്ചു .

ദാ വരണു ........

കണ്ണുകളിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ചുമാറ്റി .

മാളൂട്ടിക്ക് ആരുടേയും മുഖത്ത് നോക്കാൻ കഴിഞ്ഞിരുന്നില്ല ....


നാമജപം കഴിഞ്ഞു മുറിയിൽ കയറി ജനാലയ്ക്കരുകിൽ ഇരുന്നു . ചിന്തകൾ
കുത്തിനോവിക്കുന്നു .


എന്നത്തേയുംപോലെ അച്ഛൻ മുറിയിലേക്ക് വന്നു .

"എന്താ മോള് ഇവിടെ ഇരിക്കുന്നത് "

അവൾ പതുക്കെ എഴുന്നേറ്റു .


" ഞാൻ കാരണം അച്ഛൻ ................"

ഉള്ളിൽ നിറഞ്ഞുനിന്ന കണ്ണുനീർ ഉറവപൊട്ടിയൊഴുകാൻ തുടങ്ങി ...

മോള് എന്തിനാ കരയുന്നത് . സാരമില്ല

അച്ഛൻ അവളെ കസേരയിൽ ഇരുത്തി .


"എന്റെ മോൾ പരീക്ഷക്ക് അല്ലെ തോറ്റത് പക്ഷെ ജീവിതത്തിൽ നീ തൊറ്റിട്ടില്ലാ ...

നീ വിജയിക്കുന്നത് കാണുവാൻ ഈ പ്രപഞ്ചം നോക്കിയിരിക്കുന്നു...."


അച്ഛൻ അവളെ സമാധാനിപ്പിച്ചു .

ജീവിതത്തിന്റെ മഹത്തായ പാഠം അവൾ അച്ഛനിൽനിന്നും പഠിച്ചിരിക്കുന്നു .


അച്ഛൻ പറഞ്ഞ വാക്കുകൾ അവളുടെ ഡയറിയിൽ കുറിച്ചുവെച്ചു .


ചിന്തകൾ അവളെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി
.........................................




പ്രഭാതം വിടർന്നു .മാളു കണ്ണുകൾ തുറന്നു . പുറത്തുനല്ല മഴപെയ്യുന്നുണ്ട്.

"ആ നീ എഴുന്നേറ്റോ ?"

"പെട്ടന്ന് റെഡി ആയിക്കെ .. ഇന്നല്ലേ മോളെ സ്കൂളിൽ ചേർക്കേണ്ടത് നീ മറന്നോ ?"

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു ..


"ഇല്ല മറന്നിട്ടില്ല "

ഞാൻ കൊണ്ടുവിടാം .... അവൾ പറഞ്ഞു ...



അവൾ മോളെ ഒരുക്കി റെഡി ആക്കി .


പുതിയ കുടയും പുതിയ ബാഗുമായി മാളവികയുടെ മകൾ ഒരുങ്ങിനിന്നു.

മാളവിക അവളെ ചേർത്തുപിടിച്ചു .

മഴ തകർത്തു പെയ്തു .


വീടിന്റെ മുന്നിൽ ഒരു സ്റ്റേറ് കാർ വന്നു നിന്നു ..

ജില്ലാ കളക്‌ടർ എന്ന പേര് കാറിനു മുന്നിൽ തിളങ്ങുന്നുണ്ടായിരുന്നു .


ഒരുപോലീസുകാരൻ ഡോർ തുറന്നുകൊടുത്തു . മാളുവും മകളും കാറിൽ കയറി .


സ്കൂളിലേക്കുള്ള ആ യാത്രയിൽ കാറിന്റെ ഗ്ലാസ് പതുക്കെ താഴേക്ക് നീക്കി .


മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് വന്നുപതിക്കാൻ തുടങ്ങി ...


ആ തുള്ളികളിൽ സ്‌നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ