കുഞ്ഞെഴുത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞെഴുത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 ജനുവരി 2, തിങ്കളാഴ്‌ച

പുതുവർഷം

പുതുവർഷം എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാ വർഷത്തെ പോലെയും പുതുവർഷം പുതുമയുടെ ദിനമാണ്. ഒപ്പം ധാരാളം പ്രതീക്ഷകളുടെയും. ജീവിതത്തിന്റെ സഞ്ചാരം പ്രതീക്ഷകളിലൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രതീക്ഷകളും ലക്ഷ്യബോധവും ആണ് ജീവിതത്തെ മുന്നോട്ടേയ്ക്ക് നയിക്കുന്നത്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എല്ലാം സഫലതയിൽ എത്തിക്കഴിഞ്ഞാൽ  വിജയത്തിലെത്തി എന്ന് പറയുവാൻ സാധിക്കും. എത്താതെ ഇരുന്നാൽ അത് പരാജയം ആവുകയും ചെയ്യാറുണ്ട്. ഒരു വ്യക്തിക്ക് എല്ലായിപ്പോഴും വിജയം സാധ്യമാവണമെന്നില്ല. ഒരു പരാജിതന് എല്ലായിപ്പോഴും പരാജിതൻ ആകുവാനും സാധിക്കുകയില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുക എന്നുള്ളതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിജയം. 

2022 ഡിസംബർ 31, ശനിയാഴ്‌ച

ചില സുഹൃത്തുക്കൾ

ചില സുഹൃത്തുക്കൾ ദൈവം നമുക്ക് തന്ന വരദാനമാണ്. ചില സാഹചര്യങ്ങളിൽ നമ്മുടെ ഉറ്റ സുഹൃത്തുക്കൾ പോലും സഹായകമാകാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ജീവിതത്തിന്റെ പല സാഹചര്യങ്ങളിലും ഉറ്റവരായ സുഹൃത്തുക്കളെ നമ്മൾ കാണാറില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ നമ്മുടെ സുഹൃത്തുക്കൾ അല്ലാത്ത നമ്മൾ ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ലാത്ത ചില മനുഷ്യർ നമ്മെ സഹായിക്കാറുണ്ട്. ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ ഇനിയൊരിക്കലും അവരെ കണ്ടെന്നു വരികയില്ല. എന്നിരുന്നാലും അങ്ങനെയൊരു സുഹൃത്ത് എല്ലാവരുടെ ജീവിതത്തിലും കടന്നു വന്നിട്ടുണ്ടാവണം. ചിലപ്പോൾ ഒരു നന്ദി വാക്ക് പോലും കേൾക്കാൻ അദ്ദേഹം കാത്തു നിന്നിട്ടുണ്ടാവില്ല. എന്റെ ജീവിതത്തിലും അങ്ങനെ  സഹായമായി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. നമ്മുടെ ഒരു നന്ദി വാക്ക് പോലും കേൾക്കാതെ അവർ പോവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും നമ്മൾ ആലോചിക്കുമ്പോൾ മനസ്സിലാകും അത് ദൈവത്തിന്റെ കരങ്ങളാണെന്ന്. 

2022 ഡിസംബർ 30, വെള്ളിയാഴ്‌ച

കലോത്സവം എന്ന ഓർമ്മ


    ന്നത്തെ സ്കൂൾ കലോത്സവങ്ങൾ നടക്കുമ്പോൾ എനിക്ക് 2006 2007 കാലഘട്ടത്തെ കലോത്സവമാണ് ഓർമ്മവരുന്നത്. ഞാനും അതിൽ പങ്കെടുത്തിരുന്നു. സംസ്കൃത കലോത്സവം,  ഇംഗ്ലീഷ് പ്രസംഗം, തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സംഘഗാനത്തിന് ഞങ്ങൾ ഒരു നല്ല ടീമായിരുന്നു. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഞങ്ങൾ ഇത്തരം പരിപാടികളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. ഇന്ന് ആലോചിക്കുമ്പോൾ കേവലം ഒരു സമ്മാനം മാത്രമല്ല നിരവധി അനുഭവങ്ങൾ നൽകിയ ഒന്നായിരുന്നു. കലാമേളകൾ. പരസ്പരമുള്ള സ്നേഹം, ഐക്യം തുടങ്ങിയ നിരവധി മൂല്യങ്ങൾ ഞങ്ങൾക്ക് കലാമേളയിൽ നിന്നും ലഭിച്ചിരുന്നു. അന്ന് യുപി സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു ഇത്തരം മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. ഇന്നും എന്റെ കൂടെ പങ്കെടുത്ത ഓരോ കൂട്ടുകാരെയും ഞാൻ ഓർക്കുന്നു. അധികം പാടാൻ ഒന്നും കഴിവില്ലാതിരുന്നിട്ടും സംസ്കൃതം സംഘഗാന മത്സരത്തിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയത് പ്രസന്നകുമാരി ടീച്ചറാണ്. ടീച്ചറോട് ഉള്ള നന്ദിയും സ്നേഹവും ഇന്നും എന്റെ മനസ്സിലുണ്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിലും സബ്ജില്ലകളിലും ജില്ലാതല മത്സരങ്ങളിലും വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു. പക്ഷേ അന്ന് അത്തരം മത്സരങ്ങളുടെ മൂല്യങ്ങളോ പ്രാധാന്യമോ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ച സ്നേഹവും സന്തോഷവും ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാകുന്നു.

2022 നവംബർ 24, വ്യാഴാഴ്‌ച

ഉറവിടം

ജനലിനരികിൽ കട്ടിലിൽ ചരിഞ്ഞു കിടക്കുകയായിരുന്നു അയാൾ. അലക്ഷ്യമായി മുടിയിഴകൾ പിന്നിലേക്ക് നീക്കി. മെലിഞ്ഞുണങ്ങിയ കാലുകൾ ജനൽപാളിയിലേക്ക് നീക്കി. കണ്ണുകൾ ഭിത്തിയിലേക്ക് അടുപ്പിച്ചു  . "അതാ വരുന്നു അവർ സൈനികർ" ആക്രമിക്കുവാനായി. വരിവരിയായി കടന്നുപോകുന്ന ഉറുമ്പിൻ കൂട്ടങ്ങളെ അയാൾ നിരീക്ഷിച്ചു. അയാൾ കയ്യിലുണ്ടായിരുന്ന റൊട്ടിക്കഷണം അവിടേക്ക് വച്ചു. അതിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചു." അതാ മൂന്നു പേർ അടങ്ങുന്ന ഒരു ടീം രൂപപ്പെട്ടിരിക്കുന്നു. അവർ റൊട്ടി കഷണവും ആയി മുന്നോട്ടു നീങ്ങി അവർക്കിടയിൽ സന്തോഷം തുടിക്കുന്നുണ്ട്. ഈ കാഴ്ച കണ്ടു കൊണ്ട് ഒരു കൂട്ടം ആളുകൾ വരിവരിയായി മുന്നോട്ടുവരുന്നുണ്ട്. അയാൾ ചോക്ക് എടുത്തു അവരുടെ വരികൾക്കിടയിൽ വരകൾ വരച്ചു . അവരുടെ കൂട്ടം തെറ്റിയിരിക്കുന്നു. അവർ പാഞ്ഞു ഉറവിടം തേടികൊണ്ട്.

2022 നവംബർ 15, ചൊവ്വാഴ്ച

കലോത്സവം

രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിൽ വന്ന ഒരുത്സവമാണ് കലോത്സവം. രണ്ട് വർഷക്കാലമായി (കോവിഡ് ) കാരണം കുട്ടികൾക്ക് അവരുടെ കലാവാസനകൾ അവതരിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പഴയതിലും ആർജ്ജവത്തോടെ, ഉത്സാഹത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ് കുട്ടികൾ. ഉപജില്ലാ കലാമേളയിൽ നമുക്ക് അത് കാണുവാൻ സാധിക്കും. കുട്ടികളുടെ അടക്കാനാവാത്ത സന്തോഷം അവരുടെ അനുഭവങ്ങൾ എല്ലാം പുതിയ ഒരു ഊർജ്ജം ജനിപ്പിക്കുന്നു. തുടർന്ന് വരും വർഷങ്ങളിൽ ഇതുപോലെതന്നെ കുട്ടികൾക്ക് മത്സരിക്കാൻ സാധിക്കട്ടെ. കുട്ടികളിലെ കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള ഒരു നല്ല ആശയം ആണ് സ്കൂൾ കലാമേള, ശാസ്ത്രമേള. 

2022 ജനുവരി 31, തിങ്കളാഴ്‌ച

പ്രണയം

സ്കൂളിൽ പഠിക്കുമ്പോഴാവും എല്ലാവർക്കും പ്രണയം സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ടാവുക. പ്രണയം ആസ്വദിക്കാത്ത ആളുകൾ വിരളമായിരിക്കും. പക്ഷെ ഞാൻ പ്രണയത്തിനു എതിരായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും പ്രണയത്തിനു എനിക്ക് പ്രാധാന്യം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം എന്റെ ലക്ഷ്യം എന്ന് പറയുന്നത് ഒരു അധ്യാപകൻ ആവുക എന്നുള്ളതായിരുന്നു. പക്ഷെ ജീവിതത്തിന്റെ താളുകൾ കടന്നുപോകുമ്പോൾ നമ്മളെ ഇഷ്ടപ്പെട്ടിട്ടുള്ള ആത്മാർത്ഥമായി ഇഷ്ടപെട്ടിട്ടുള്ള എത്രയോ ആളുകൾ ഉണ്ടായിരുന്നു. അവരെ നോക്കുവാനോ സംസാരിക്കുവാനോ ഒരുനിമിഷനേരംപോലും മാറ്റിവെച്ചിട്ടില്ല എന്നാലോചിക്കുമ്പോൾ വിഷമം തോന്നുന്നു. ഒരുപാട് കൂട്ടുകാരെ ജീവിതത്തിന്റെ പല കോണുകളിലും വച്ചു കാണുമ്പോൾ നഷ്ടപ്പെട്ടുപോയ ആ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് പലപ്പോഴും ഓർത്തുപോകാറുണ്ട്. 

2022 ജനുവരി 26, ബുധനാഴ്‌ച

പാഠങ്ങൾ

 


കുട്ടിക്കാലത്തുണ്ടാവുന്ന ഓരോ മാനസികപ്രശ്നങ്ങളും തുടർന്നുള്ള ജീവിതത്തെ പലതരത്തിലാണ് ബാധിക്കുന്നത് . അതിന്റെ കാരണക്കാർ നാമാവണമെന്നില്ല . ചിലപ്പോൾ മറ്റുചിലരായിരിക്കാം . ജീവിതത്തിൽ നമുക്കുണ്ടായ അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവങ്ങളും ജീവിതത്തിൽ നിന്നും ഊരിതിരിയുന്നവയാണ് . ചെറിയ പ്രായത്തിൽ മനസ്സിൽ സംഭവിക്കുന്ന മാനസിക മുറിവുകൾ ഉണങ്ങുവാൻ ധാരാളം സമയം വേണ്ടിവരാറുണ്ട് . ഒരുപക്ഷെ അറിഞ്ഞുകൊണ്ടാവണമെന്നില്ല .പുനർജന്മങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ നമുക്ക് മനസ്സിലാക്കാം കഴിഞ്ഞജന്മങ്ങളിലെ പ്രവർത്തികളുടെ ഫലമെന്ന് അങ്ങനെ വിശ്വസിക്കുന്നവരുമുണ്ട് . ഓരോ അനുഭവങ്ങളും ജീവിതത്തിന്റെ പുതിയ പാഠങ്ങളാണ് .

പ്രയാസം

 

മുന്നോട്ടുള്ള ജീവിതത്തിൽ പ്രയാസങ്ങളും അവശതകളും ഉണ്ടായേക്കാം എന്നിരുന്നാലും മുന്നോട്ടുപോവുകതന്നെ . എവിടെയോ വായിച്ചതുപോലെ ജീവിച്ചിരിക്കുന്നതിന് അടയാളമാണ് പ്രയാസങ്ങൾ .




2022 ജനുവരി 25, ചൊവ്വാഴ്ച

ഒരു പ്രഭാതം


സൂര്യൻ ഉദിച്ചിരിക്കുന്നു . മരങ്ങൾക്കിടയിലൂടെ പ്രകാശകിരണങ്ങൾ വന്നുപതിക്കുന്നുണ്ട് . ഓരോ പ്രഭാതവും  ഓരോ വ്യക്തികൾക്കും കുളിർമ്മനൽകാറുണ്ട് .  ജീവിതയാത്രയിൽ എപ്പോഴൊക്കെയോ ഒപ്പംകൂടിയ മടിയെ ഇല്ലായ്മചെയ്യുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു . അത് എന്ന് ഉപേക്ഷിക്കുന്നോ അന്ന് രക്ഷപ്പെടും . എനിക്കറിയില്ല എങ്ങനെ അതിനെ ഉപേക്ഷിക്കണമെന്ന് . ചില സാഹചര്യങ്ങൾ എന്നെ വല്ലാതെ തോൽപ്പിക്കുന്നു . തോൽവികളിലൂടെയും പരാജയങ്ങളിലൂടെയും ഉള്ള സഞ്ചാരമാണ് ഇപ്പോൾ എൻറെ ജീവിതം . കപ്പിത്താനായ എനിക്ക് കപ്പൽ അടുപ്പിക്കുവാൻ ദ്വീപുകളൊന്നും കാണുന്നില്ല . കടലിലെ തിരമാലകൾ കപ്പലിനെ ഉലക്കുന്നുണ്ട് . ഒന്ന്മാത്രമറിയാം ഈ കപ്പൽ ഒരിക്കലും മുങ്ങുകയില്ല .

2021 ഡിസംബർ 18, ശനിയാഴ്‌ച

യാത്ര

ഓരോ യാത്രകളും ഓരോ വ്യക്തികളിലും അനുഭവങ്ങൾ നിറയ്ക്കുന്നു. ഓരോ വ്യക്തികളിലും മാറ്റങ്ങൾക്ക് തുടക്കമാവുന്നു....
പകലുകളിലും രാത്രികളിലും ഇതുവഴി ഞാൻ സഞ്ചരിച്ചിരുന്നു. പച്ചപ്പ്‌ നിറഞ്ഞ പ്രദേശങ്ങളിലൂടെയും വിരസതയാർന്ന പട്ടണങ്ങളിലൂടെയും എന്റെ യാത്രകൾ കടന്നുപോയിരുന്നു. ഇന്നും യാത്ര തുടരുകയാണ്.

2021 നവംബർ 28, ഞായറാഴ്‌ച

അത്ഭുതം

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ചിന്തകളാണ് മനുഷ്യന്റെ എല്ലാം.ഓരോ അത്ഭുതങ്ങളും ചിന്തകളിൽ നിന്നുമാണ് രൂപാന്തരപ്പെടുന്നത് . ഓരോ മനുഷ്യരും ഓരോ അത്ഭുതങ്ങളാണ്...

2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

നഷ്ട്ടപ്പെടൽ

എനിക്ക് എന്നെ പലപ്പോഴും നഷ്ട്ടപ്പെടാറുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടലുകൾ സംഭവിക്കുമ്പോൾ എനിക്ക് എന്നെ നഷ്ട്ടപ്പെടാറുണ്ട്. ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ധാരാളം ഓർമ്മകൾ ചിന്തകളുടെ സാഗരത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട്പോകുന്നു. ചിന്തകളാകുന്ന സാഗരത്തിന്റെ അലകൾ തിരമാലകളായി എന്നിലേക്ക്‌ കടന്നുവരുന്നു. സാഗര തീരത്ത് മണൽത്തരികളിൽ രചിച്ച എന്റെ രചനകൾ തിരമാലകൾ നഷ്ടപ്പെടുത്തി. ആ മണൽതരികൾ എന്റെ ചിന്തകളായിരുന്നു.........

കാർമേഘങ്ങൾ

ദൂരെനിന്നും കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ട്. ഇനി മഴയാണ്. മഴയുടെ ശബ്ദമാണ്. മേഘങ്ങൾക്കിടയിൽനിന്നും മഴനീർതുള്ളികൾ എന്റെ വീടിന്റെ മുകളിൽ പതിക്കുന്ന ശബ്ദം കേൾക്കാം.

2021 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

കാട്


കാടിന്റെ മനോഹാരിത ആസ്വദിക്കാത്ത ആരാണ് ഉള്ളത്. പക്ഷികളുടെ മനോഹരമായ ശബ്ദവും അരുവികൾ ഒഴുകുന്ന മനോഹരമായ നാദവും ഇലകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും ഒക്കെ മനോഹരമാണ്. കാടിന്റെ അകത്തളങ്ങളിൽ എത്ര മനോഹരമായ പൂക്കളാവും ഉണ്ടാവുക. നമ്മളൊന്നും ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിൽ. നമ്മുടെ നാട്ടിലെ പുക്കൾക്ക് ആസ്വാദകർ ഉണ്ട്. എന്നാൽ കാട്ടിലെ പുക്കൾക്ക് ആസ്വാദകർ ഇല്ലായിരിക്കാം. ചിലപ്പോൾ ഒരുപക്ഷെ മനുഷ്യരൊഴിച്ച് മറ്റുള്ളവർ ഉണ്ടാവാം. അതായത് ജീവജാലങ്ങൾ.പക്ഷികൾ, തവള, ഉറുമ്പ്, പാമ്പ് തുടങ്ങിയ എല്ലാ ജീവജാലങ്ങളും
.
നമ്മുടെ നാട്ടിൽ സൂര്യൻ ഉദിക്കുന്നതിനേക്കാൾ എത്ര മനോഹരമാവും കാടുകളിൽ സൂര്യൻ ഉദിയ്ക്കുന്നത്...... അല്ലേ... ഞാൻ എപ്പോഴും മനസ്സിൽ ആലോചിക്കാറുണ്ട് പച്ചവിരിച്ച പുൽത്തകിടികളിലേക്ക് സൂര്യന്റെ മനോഹരമായ പ്രകാശകിരണങ്ങൾ വന്നു പതിയ്ക്കുന്നത്.

ഓരോ പുല്നാമ്പുകളും സൂര്യകിരണങ്ങളാൽ തഴുകുന്നതും.
എത്ര മനോഹരമായിരിക്കും അല്ലേ....
ഇടയ്ക്ക് ഇതുപോലെ കാട്ടിലേക്ക് യാത്രകൾ പോകുവാൻ തോന്നും.....


ഇതൊക്കെ ഇടയ്ക്ക് കയറിവരുന്ന ചിന്തകളാണ് കേട്ടോ.....

2021 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

രാത്രി

രാത്രികളെന്നും ശാന്തമാണ്. കാടിന്റെ ശാന്തതയിൽ ഏകാന്തമായിരുന്ന് ആകാശത്തെ നോക്കിയിരിക്കൽ വളരെ മനോഹരമാണ്. ഏകാന്തതയിൽ ചന്ദ്രന്റെ തിളക്കവും നിലാവിന്റെ വെളിച്ചവും കാടിന്റെ അകത്തളങ്ങളിലേക്ക് പരക്കാറുണ്ട്.
രാത്രി മയങ്ങിയിരിക്കുകയാണ് അടുത്ത പകലിനായി കാത്തിരിക്കുകയാണ്..

2021 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഓണം

atham
കൊറോണ എന്ന മഹാമാരി മൂലം ഈ വർഷത്തെ ഓണാഘോഷം മലയാളികൾക്ക് അന്യമായി. കുറച്ചുവർഷങ്ങളായി മലയാളികളുടെ ഓണം ആഘോഷിക്കുവാൻ അവർക്ക് സാധിക്കുന്നില്ല കാരണം ആ സമയം ആകുമ്പോഴേക്കും കൊറോണ,  പ്രളയം,  തുടങ്ങിയ മഹാമാരികൾ വന്നുകൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാൽ കുറേവർഷങ്ങളായി മലയാളികളുടെ ആഘോഷങ്ങളെല്ലാം  വളരെ കുറവാണ്. എന്നിരുന്നാലും വളരെ ചെറിയ തോതിൽ ആളുകൾ ഓണത്തെ വരവേൽക്കുന്നു. എന്നും മലയാളികളുടെ ഓർമ്മയിലുള്ളത് പണ്ടത്തെ ഓണം ആണ്. ഓണക്കളികളും ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഒക്കെയായി  മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ഓണത്തിന്റെ നാളുകൾ വരുമ്പോഴേക്കും ഓണത്തുമ്പികൾ പാറിപ്പറക്കാറുണ്ട്. തൊടികളിലും മറ്റും ധാരാളം മനോഹരമായ പൂക്കൾ വിടരുവാറുണ്ട്. വീടുകളിലെ ചെറിയ കുട്ടികൾ പൂക്കൾ പറിക്കുവാനായി ഗ്രാമത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിക്കാറുണ്ട്. വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു അത്. കുട്ടികൾ കൂട്ടത്തോടെ മാങ്ങ പറിക്കുവാനും നെല്ലിക്ക പറിക്കുവാനും കൂട്ടത്തോടെ കളിക്കുവാനും പോകാറുണ്ട്. പണ്ടൊക്കെ എവിടെച്ചെന്നാലും ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരം വളരെ കുറവാണ്. ഓണത്തിന് തന്നെ നിരവധി കളികൾ ഉണ്ടാവാറുണ്ട്. തുമ്പിതുള്ളൽ, എറിപന്ത്, തുടങ്ങിയ രസകരങ്ങളായ കളികളാണ് ഓണത്തിന് കളിക്കാറുള്ളത്. കുട്ടികളുടെ ഈ കളി അതിമനോഹരമാണ്. കുട്ടികളോടൊപ്പം മുതിർന്നവരും ഈ കളികളിൽ പങ്കു ചേരാറുണ്ട്. ഓണം പലരും പല രീതിയിൽ ആഘോഷിക്കാറുണ്ട്. കേരളത്തിൽ തന്നെ വ്യത്യസ്തമായ രീതിയിലാണ് ഓണം ആഘോഷിച്ചു വരുന്നത്. തെക്കൻ കേരളത്തിൽ വേറൊരു ശൈലി, മധ്യകേരളത്തിൽ മറ്റൊരു ശൈലി, മലബാറിൽ മറ്റൊരു ശൈലി.
 എന്തായിരുന്നാലും കഴിഞ്ഞ ഓണത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് കരുതുന്നു. എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയും ഓണാശംസകൾ നേരുന്നു..



പൂക്കൾ

പൂക്കൾ എന്നും മനോഹരമാണ്. മനസ്സിന് കുളിർമ്മയാണ്. സ്നേഹമാണ്, സന്തോഷമാണ്..........

2021 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ഓർമ്മകൾ

ഓർമ്മകൾ പലർക്കും വ്യത്യസ്തതരം അനുഭവങ്ങളാണ് നൽകുന്നത്. ചില ആളുകൾക്ക് സന്തോഷം നൽകുന്നു ചിലർക്ക്  ദുഃഖങ്ങൾ നൽകുന്നു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഓർമ്മകൾ എന്റെ എൽപി സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിലാണ്. എന്റെ സ്കൂളിന്റെ മുന്നിൽ വലിയ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു ആ മരങ്ങളിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ആ മരത്തിൽ നിന്നും വീഴുന്ന ചെറിയ പഴങ്ങൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ഒഴിവുസമയം കിട്ടുമ്പോൾ ആ മരത്തിലേക്ക് കല്ലുകൾ എറിയുവാറുണ്ട്. മാത്രവുമല്ല സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ ഒക്കെ കയറി മാങ്ങ പറിക്കുകയും പുളി പറിക്കുകയും നെല്ലിക്ക പറക്കുകയും ഒക്കെ ചെയ്യാറുണ്ട്. എത്ര മനോഹരമായ ഓർമ്മകളാണ് കടന്നുപോയത്. ഇനി ആ മനോഹരമായ ഓർമ്മകൾ എന്നും ഓർമ്മകൾ മാത്രമാണ്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന ആ ഇടുങ്ങിയ വഴി ഇന്നും എന്റെ മനസ്സിൽ ഉണ്ട്. ആ വഴിയുടെ ഓരം ചേർന്ന് നടക്കാൻ എത്ര മനോഹരമായിരുന്നു. മഴപെയ്യുന്ന ദിവസങ്ങളിൽ കുടയും മാറ്റിപ്പിടിച്ച് മഴ നനയുമായിരുന്നു. അതൊക്കെ  മനോഹരമായ ഓർമ്മകൾ ആണ്..... ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് ആ മനോഹരമാർന്ന സ്കൂൾ ജീവിതം.