സ്കൂളിന്റെ മുന്നിലെ ബദാം മരം നിറയേ ബദാം കായകൾ പിടിച്ചുനിൽക്കുന്നു. എല്ലാവരും അതിന് കല്ലെറിയും സ്കൂളിന്റെ ഓഫീസിന് മുന്നിലായിരുന്നതിനാൽ അധ്യാപകർ ആരെങ്കിലും കണ്ടാൽ പ്രശ്നമാണ്. ഒളിഞ്ഞും മറഞ്ഞും ഞാനും എറിയാറുണ്ട്. ഒരു പഴയ ഓടിട്ട കെട്ടിടമാണ് സ്കൂൾ. പ്രൈമറി മുതൽ ഹയർ സെക്കന്ററി തലംവരെയുള്ളതിനാൽ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് അതിൽ ഒരാളായിരുന്നു ഞാൻ. എട്ടാം ക്ലാസ്സ് ആയതിനാലാവാം അൽപ്പം മുതിർന്നു എന്ന തോന്നൽ ഇടയ്ക്കിടക്ക് അനുഭവപ്പെടുന്നത്. ശരത്തും സജിനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പഠിക്കാത്തവർ എന്ന പേര് നൽകി ഞങ്ങളെ പുറകിലത്തെ ബെഞ്ചിലേക്ക് ആനയിച്ചുകൊണ്ടിരുത്തിയിട്ടുണ്ട്.
"അടുത്തത് ആരാ " സജിൻ ചോദിച്ചു
"അടുത്തത് ഹിന്ദിയാണ് "
"ഹിന്ദിയോ "
"നീ ഹോം വർക്ക് ചെയ്തോ?"
ഞാൻ അവനോട് ചോദിച്ചു.
"ഇല്ല, ചെറിയ പുഴുതിന്നുതുടങ്ങിയ പല്ല് കാട്ടിക്കൊണ്ട് ഒന്നിളിച്ചു.
"മിടുക്കൻ"
"നീ എഴുതിയോ"
"ആ ഞാൻ എഴുതി " ചെറിയ ഒരു ഗർവ്വോടെ ഞാൻ ബുക്ക് എടുത്ത് നിവർത്തി.
ശരത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. ഞങ്ങൾ ബാക്ക് ബെഞ്ചേഴ്സിലെ ടോപ് ഞാനാണ്. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാലും തിരിച്ചുപറയാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവും. ഏറ്റവും മുൻ നിരയിലെ ബെഞ്ചിൽ പഠിപ്പിസ്റ്റുകൾ നിരന്നിരിക്കും അതിൽ ഒരാളാണ് സോമു. ടീച്ചേഴ്സിന്റെ ഇഷ്ട്ട പുത്രൻ. അല്പംനേരത്തേക്കെങ്കിലും സോമു ആയിരുന്നെങ്കിൽ എന്ന് പലതവണ ആശിച്ചുപോകാറുണ്ട്.
"ഗുഡ്മോർണിംഗ് " എല്ലാവരും ഞെട്ടലോടെ എഴുന്നേറ്റു. "ഗുഡ്മോർണിംഗ് ടീച്ചർ " ടീച്ചറിന്റെ വടിയും പുസ്തകങ്ങളും ചോക്കും മേശപ്പുറത്ത് വച്ചു. കസേരയിൽ ഇരുന്നു. അനഘ ടീച്ചറുടെ മുഖം ഗൗരവത്തിലാണ്. എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി.
"എല്ലാവരും ഹോം വർക്ക് ചെയ്തോ?"
"ഉച്ചത്തിൽ ചോദിച്ചു "
"ശരി..... എഴുതാത്തവർ എഴുന്നേൽക്കു."
എന്റെയടുത്തിരുന്ന എല്ലാവരും ചാടിയെഴുന്നേറ്റു. മുൻനിരയിലെ ബെഞ്ചുകാർ ആരും തന്നെ എഴുന്നേറ്റിട്ടില്ല. പെൺകുട്ടികൾ എല്ലാവരും ഭയങ്കര പഠിത്തക്കാരാണ്. അനഘ ടീച്ചർ പുറകിലെ ബെഞ്ചിനടുത്തേക്ക് പതുക്കെ നടന്നു വന്നു കയ്യിൽ വടിയും ഉണ്ടായിരുന്നു.ചന്ദ്രനിൽ നിന്നും വന്നിറങ്ങിയ ജീവികളെ കാണുന്നതുപോലെ ഞങ്ങളെയൊന്നു നോക്കി. വീണ്ടും ടീച്ചർ മുൻ നിരയിലെ ബെഞ്ചിലേക്ക് പോയി. ഓരോരുത്തരുടെയും ഹോംവർക്കുകൾ നോക്കി. "മിടുക്കൻ"
"എല്ലാവരും ഇവരെ കണ്ട് പഠിക്കണം. ടീച്ചർ പുച്ഛത്തോടെ ഞങ്ങളെ നോക്കി..
"അല്ല നീ എന്തിനാ ഇരിക്കുന്നത് നീ ഹോം വർക്ക് ചെയ്തോ ഒരു പുച്ഛഭാവത്തോടെ ടീച്ചർ എന്റെ അരികിലേക്ക് വന്നു.
"ഞാൻ പതുക്കെ എഴുന്നേറ്റു "
"ബുക്ക് കാണിക്ക് "
ഞാൻ എഴുതിയ ഹോംവർക്ക് ടീച്ചർ നോക്കി. എന്നെയും നോക്കി.
"ഇങ്ങനാണോടാ ഹോംവർക്ക് എഴുതുന്നത് "
"പൊയ്ക്കോണം"
എന്റെ ബുക്ക് ടീച്ചർ ദൂരേക്ക് വലിച്ചെറിഞ്ഞു "
എന്റെ ചുറ്റുപാടും എന്നെ നോക്കി ഉറക്കെ ചിരിച്ചു. കണ്ണുകൾ ചുവന്നു, ഹൃദയമിടിച്ചു. "ഞാൻ ആരുടെയും സഹായമില്ലാതെ സ്വന്തമായി ചെയ്ത ഹോംവർക്ക് " ഉള്ളിൽ ചിന്തിച്ചു. ഞാൻ പതുക്കെ എന്റെ ബുക്കിന്റെ അടുത്തേക്ക് നടന്നു. ബുക്ക് കൈകളിൽ എടുത്തു അതിന്റെ വശങ്ങൾ കീറിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകളിലേക്ക് ഞാൻ നോക്കി. എന്നെക്കണ്ട് അവർ ചിരി തുടർന്നു. ഞാനും അവരെനോക്കി ചെറിയൊരു പുഞ്ചിരി തൂകി.
"ദാ കണ്ടോ ഇങ്ങനെവേണം ഹോംവർക്ക് ചെയ്യാൻ " ടീച്ചർ സോമുവിന്റ ബുക്ക് ഉയർത്തിക്കാട്ടി. എല്ലാവരും കൈകൾ അടിച്ചു ഒപ്പം ഞാനും.
പകുതി കീറിയ ബുക്കിന്റെ താളുകൾ ഞാൻ ബാഗിൽ വച്ചു. ബെല്ലടിച്ചിരുന്നു..... ഞാൻ പതുക്കെ നടന്ന് ബാത്റൂമിലേക്ക് പോയി. എന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് കയ്യിലെടുത്തു രണ്ടുകണ്ണുകളിലേക്കും പൊത്തിപ്പിടിച്ചു. കർച്ചീഫ് മുഴുവനും വെള്ളംകൊണ്ട് നനഞ്ഞു.
"എടാ "
പിന്നിൽ നിന്ന് ശരത്തിന്റെ വിളി. ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നു.
"പോട്ടെ ഡാ "
ശരത്തിന്റെ കൈകൾ എന്റെ ചുമലിൽ തൊട്ടു. ഞാൻ അവനെനോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു. ഞങ്ങൾ കൈകൾ പിടിച്ച് ക്ലാസ്സിലേക്ക് നടന്നു. സുഗന്ധമുള്ള ഒരു തണുത്തകാറ്റ് സ്കൂളിന്റെ മുറ്റത്ത് നിൽക്കുന്ന കണിക്കൊന്ന പൂക്കളെ തലോടികൊണ്ട് കടന്നു പോയി...................
സ്കൂളിന്റെ അകത്തളങ്ങൾ മനോഹരമാക്കിയിരിക്കുന്നു. മൈക്കിലൂടെ ആരോ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നു. തോരണങ്ങളും ബലൂണുകളും കാറ്റിൽ പറന്നുയർന്നു.
"ഈ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ഭാഷാ അധ്യാപകനുള്ള അവാർഡ് ശ്രീ ധനേഷ് സാറിനാണ് അവാർഡ് സ്വീകരിക്കാനായി അദ്ദേഹത്തെ സ്നേഹത്തോടെ ഈ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു."
"സാർ "
എന്റെ തോളിലേക്ക് ആരോ വന്നു തൊട്ടു. ഞാൻ പതിയെ ഒന്നു ഞെട്ടി. പതുക്കെ എഴുന്നേറ്റു. എങ്ങും കരഘോഷം കൊണ്ട് നിറഞ്ഞു. പുഞ്ചിരിക്കുന്ന മുഖവുമായി മന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചു.
അവാർഡ് വേദിയിൽ നിന്നും കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുന്ന എന്റെ എട്ടാം ക്ലാസ്സിന്റെ മുറ്റത്തേക്ക് ഞാൻ നോക്കി. പുഞ്ചിരിക്കുന്ന മുഖവുമായി ഒരു എട്ടാം ക്ലാസുകാരൻ പയ്യൻ അവിടെ നിൽപ്പുണ്ടായിരുന്നു. അവൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ഒരു പുഞ്ചിരി.

ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം അല്ലെ? നല്ലൊരു വായന.
മറുപടിഇല്ലാതാക്കൂThankyou sir
ഇല്ലാതാക്കൂവളരെ മനോഹരം 💛
മറുപടിഇല്ലാതാക്കൂThankyou 😊😊
ഇല്ലാതാക്കൂകൊള്ളാം.. നല്ല ഓർമ്മകൾ
മറുപടിഇല്ലാതാക്കൂങേ??? കമന്റ് അപ്രൂവൽ???
മറുപടിഇല്ലാതാക്കൂഇതുപോലെ എത്ര എത്ര കണക്കു വീട്ടലുകൾ ജീവിതത്തിൽ കടന്നു പോകുന്നു.നല്ലൊരു കഥ
മറുപടിഇല്ലാതാക്കൂThankyou 😊
ഇല്ലാതാക്കൂ